2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ മത്സരിക്കാനുള്ള തന്റെ താൽപര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസ്സുകാരനുമായ റോബർട്ട് വദ്ര. അമേത്തിയിലും റായ്ബറേലിയിലും ഇതുവരെയും കോൺഗ്രസ്സിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഹൈലൈറ്റ്:
അബദ്ധം ചെയ്തെന്ന തോന്നൽ അമേത്തിയിലെ ജനങ്ങൾക്കുണ്ട്
അമേത്തിയിൽ ഗാന്ധി കുടുംബം കഠിനാധ്വാനം ചെയ്തിട്ടുണ്ട്
അമേത്തിയിലെ ജനങ്ങൾ എന്നെ പ്രതീക്ഷിക്കുന്നു
"അമേത്തി ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ ഞാൻ അവരുടെ പ്രതിനിധിയായി പാർലമെന്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റായ്ബറേലിയിലും, സുൽത്താൻപുരിലും, അമേത്തിയിലും ഗാന്ധി കുടുംബം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നിലവിലെ എംപി മൂലം അമേത്തിയിലെ ജനങ്ങൾ പ്രശ്നത്തിലായിട്ടുണ്ട്. അവരെ തെരഞ്ഞെടുത്തതിലൂടെ അബദ്ധം ചെയ്തെന്ന തോന്നൽ അവർക്കുണ്ട്," ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെ ബിസിനസ്സുകാരനും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്ന അമേത്തി മണ്ഡലത്തിൽ 2019ൽ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗാന്ധി കുടുംബാംഗം അമേത്തിയിൽ തോറ്റു. രാഹുൽ ഗാന്ധിയെ ഇന്നും വേട്ടയാടുന്ന പരാജയമാണത്. ഇത്തവണയും അമേത്തിയിൽ മത്സരിക്കാൻ രാഹുലിനെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. അമേത്തി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഭയപ്പെടുകയാണെന്നും സ്മൃതി ഇറാനി പറയുകയുണ്ടായി. പേടി കൊണ്ടാണ് കോൺഗ്രസ് അമേത്തിയുടെ കാര്യത്തിൽ ഇത്രയധികം ആലോചിക്കുന്നതെന്നും അവർ പരിഹസിച്ചു. അമേത്തി മണ്ഡലത്തിലൂടെ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര കടന്നുപോയപ്പോൾ പങ്കെടുക്കാൻ ആളുണ്ടായില്ലെന്ന പരിഹാസവും സ്മൃതി ഇറാനി തൊടുത്തുവിട്ടു.മുമ്പും രാഷ്ട്രീയ പ്രവേശന താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളയാളാണ് റോബർട്ട് വദ്ര. യുപിഎ സർക്കാരുകളെ പലപ്പോഴും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ വദ്രയുടെ ബിസിനസ് ഇടപാടുകൾക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ സംഭവവും കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കി.
അമേത്തിയിൽ വദ്ര മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്സിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. മുൻകാലങ്ങളിലും ഇത്തരത്തിൽ വദ്ര ആഗ്രഹം പ്രകടിപ്പിക്കുകയും മാറ്റി നിർത്തപ്പെടുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താനത് ചെയ്യുമെന്ന് 2022ലും വദ്ര പ്രസ്താവിച്ചിരുന്നു. ഇതിനോടും കോൺഗ്രസ് പ്രതികരിച്ചിരുന്നില്ല. 2019ൽ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചോദ്യമുയർന്നപ്പോൾ തനിക്കെതിരെയുള്ള അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെട്ടിട്ടേ അത്തരം നീക്കങ്ങളുള്ളൂ എന്നാണ് വദ്ര പറഞ്ഞത്. ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇപ്പോഴും വദ്രക്കെതിരെ നിലവിലുണ്ട്. അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളില്‍ കോൺഗ്രസ്സിന് ഇനിയും സ്ഥാനാർത്ഥിയായിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള എംപിയായാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
"Amethi is waiting for me:" Vadra hinting that he is ready to contest